റോം: നാളെ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ 130 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുമെന്ന് വത്തിക്കാന്റെ പ്രോട്ടോക്കോൾ ഓഫീസ് അറിയിച്ചു. ഇതിൽ ഏകദേശം 50 രാഷ്ട്രത്തലവന്മാരും 10 രാജ കുടുംബങ്ങളില്‍ നിന്നുള്ളവരും ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള സമൂഹത്തെ സ്വാധീനിച്ച പാപ്പയോടുള്ള ആദരവിന്റെ ഭാഗമായാണ് ഇത്രയും അധികം ലോക നേതാക്കള്‍ ഒരുമിച്ച് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുർമു, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, അർജൻ്റീന പ്രസിഡൻ്റ് ജാവിയർ മിലി, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നാളെ വത്തിക്കാനില്‍ നടക്കുന്ന മൃതസംസ്കാര കര്‍മ്മങ്ങളില്‍ സംബന്ധിക്കും.
രണ്ടാഴ്ച മുൻപ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച ചാൾസ് രാജാവിനെ പ്രതിനിധീകരിച്ച് മകൻ വില്യം രാജകുമാരൻ സംസ്കാരത്തിൽ സംബന്ധിക്കും. സ്പെയിനിലെ രാജാവ് ഫെലിപ്പ് ആറാമൻ, രാജ്‌ഞി ലെറ്റിസിയ, ബെൽജിയത്തിലെ രാജാവ് ഫിലിപ്പ്, രാജ്‌ഞി മാത്തിൽഡെ എന്നിവരും വിവിധ രാഷ്ട്ര തലവന്മാരും മന്ത്രി സഭാംഗങ്ങളും സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻറോണിയോ കോസ്റ്റ, യൂറോപ്യൻ പാർലമെൻ്റ് പ്രസിഡൻ്റ് റോബർട്ട മെറ്റ്സോള എന്നിവർ യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിച്ചു സംസ്കാര ശുശ്രൂഷയില്‍ സംബന്ധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ലോകമെമ്പാടും നിന്നും രാഷ്ട്രതലവന്മാരും നയതന്ത്ര പ്രമുഖരും എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇറ്റലിയുടെ ആഭ്യന്തര മന്ത്രി മതെയോ പിയാന്റേഡോസിയുടെ അധ്യക്ഷതയിൽ നടന്ന പൊതു ക്രമസമാധാന-സുരക്ഷാ യോഗത്തിൻ്റെ കണക്കനുസരിച്ച്, ഏകദേശം 200,000 പേർ സെൻ്റ് പീറ്റേഴ്സ് സ്ക്വയറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാരം സ്വകാര്യവും ലളിതവുമായ ഒരു ചടങ്ങായിരിക്കും. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്നു മൃതശരീരം വഹിച്ചുക്കൊണ്ടുള്ള പ്രദിക്ഷണം മരിയൻ ബസിലിക്കയുടെ പ്രവേശന കവാടത്തിൽ എത്തുന്നവരെ തത്സമയ സംപ്രേക്ഷണം ലഭ്യമായിരിക്കും. പിന്നീടുള്ള അടക്കം സ്വകാര്യ ചടങ്ങായിട്ട് ആയിരിയ്ക്കും നടത്തുകയെന്നും വത്തിക്കാന്‍ അറിയിച്ചു.
ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. കേന്ദ്ര പാർലമെന്ററികാര്യ, ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവും കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനും ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ പീറ്റർ ഡിസൂസയും വത്തിക്കാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷനായ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ തുടരുകയാണ്. ആയിരങ്ങളാണ് ഓരോ മണിക്കൂറിലും മാർപാപ്പയെ അവസാനമായി കാണുന്നതിനായി വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാത്രിവരെയാണ് പൊതുദർശനം. നാളെ ശനിയാഴ്ച സെന്‍റ് മേരി മേജർ ബസിലിക്കയില്‍ മാര്‍പാപ്പയെ കബറടക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 21 വത്തിക്കാൻ പ്രദേശിക സമയം രാവിലെ 7.35നായിരുന്നു പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.
Vatican and Rome under heavy security. Pope Francis' funeral tomorrow